തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.
ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
Tags : Sexual assault case P.T. Kunjumuhammed anticipatory bail