തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെ തടഞ്ഞുവച്ചിരുന്ന എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. 92.41 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കുമെന്നാണ് വിവരം.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിലവിൽ നേട്ടമായിരിക്കുകയാണ്. കേരളം സമര്‍പ്പിച്ച 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിംഗ് ഇനത്തില്‍ 17 കോടിയാണ് ഇനി കിട്ടാനുള്ളത്.
കരാറിൽനിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവില്‍ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിർപ്പ പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. എന്നാല്‍ ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ പിഎം ശ്രീയില്‍നിന്നു കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
Tags : PM Shri project signed Kerala SSK fund receives