കൊച്ചി: വോട്ടർ പട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണ (എസ്ഐആർ) വുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി നീട്ടണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
എസ്ഐആർ സ്വാഗതാർഹമാണ്. എന്നാൽ നിലവിലുള്ള സമയപരിധി അപര്യാപ്തമാണ്. തിടുക്കത്തിലുള്ള നടപ്പാക്കൽ നീതിനിഷേധമായി മാറരുത്. വോട്ട് നഷ്ടപ്പെട്ട്, ജനാധിപത്യത്തിന്റെ ശക്തിയായ വോട്ടിന്റെ ശക്തി കുറയ്ക്കുന്ന രീതിയിൽ പരിഷ്കരണം ദോഷം ചെയ്യും.
സാങ്കേതിക തടസങ്ങളും അവബോധത്തിന്റെ കുറവും സമയപരിമിതിയും കാരണം സാധാരണക്കാർക്കും ജോലി ചെയ്യുന്നവർക്കും വയോജനങ്ങൾക്കും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബിഎൽഒമാരെ കാണാൻ തടസം നേരിടുന്നതിനാൽ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ സാഹചര്യമാണുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Tags : Catholic Congress SIR SIR Time extended Voterpattika