പത്തനംതിട്ട: പീഡനക്കേസിൽ എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്നുവെന്ന് യുവതി പറഞ്ഞ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് ഇന്ന് പുലർച്ചെ തെളിവെടുത്തു.
തുടർന്ന് രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാട്ടെ ഫ്ലാറ്റിലും എത്തിച്ച് തെളിവെടുക്കും. പത്തനംതിട്ട എആർ ക്യാമ്പിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്. 15ന് വൈകുന്നേരമാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.
തെളിവെടുപ്പിനിടെ യുവജന രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു. കഴിഞ്ഞ ദിവസം എസ്ഐടി സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ രാഹുലിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.
Tags : rahul mamkootathil rape case evidence sit