കോട്ടയം: മിഷണറിമാര്‍, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളില്‍ താമസിക്കുന്ന സന്യാസിമാര്‍, പുരോഹിതര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് അര്‍ഹതയില്ലെന്നും ആരെങ്കിലും പെന്ഷന് കൈപ്പറ്റുന്നുവെങ്കില്‍ അവരെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ച അന്യായ ഉത്തരവുകള്‍ തിരുത്തിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി.
പൗരന്മാര്ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഒരു വിഭാഗത്തെ അവരുടെ മതത്തിന്റെയും ജീവിതാവസ്ഥയുടെയും പേരില്‍ ഒഴിവാക്കുന്ന സമീപനം ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത്തരമൊരു പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൈസ്തവ സന്യസ്തര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപറ്റുന്നു എന്നും സഭ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നും ചിലര്‍ വാദങ്ങള്‍ ഉയര്‍ത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അത്തരം വ്യാജ ആരോപണങ്ങള്‍ക്കുള്ള അവസരം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്.
ക്രൈസ്തവ സന്യസ്തരെ മതപ്രവര്‍ത്തകര്‍ മാത്രമായി ചിത്രീകരിക്കാന്‍ ചിലര്‍ കാണിക്കുന്ന ഉത്സാഹം വസ്തുതാവിരുദ്ധമാണെന്നും സാമൂഹിക, സാംസ്കാരിക, ആതുര വിദ്യാഭ്യാസ സേവനമേഖലകളിലെ സന്യസ്തരുടെ സംഭാവനകളെ അവഗണിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സിസ്റ്റര്‍ ഡോ. ആര്‍ദ്ര കൂട്ടിച്ചേര്‍ത്തു.
Tags : Sister Dr. Ardra Social Security Pension Kerala Budget