പരവൂർ: ദക്ഷിണ റെയിൽവേ അവരുടെ മൂന്ന് കോച്ചിംഗ് ടെർമിനലുകൾ വികസിപ്പിക്കുന്നു. ചെന്നൈ, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിലാണ് വികസനം നടപ്പിലാക്കുന്നത്. വർധിച്ചു വരുന്ന യാത്രാ ആവശ്യകത നിറവേറ്റുന്നതിനും തിരക്ക് കുറയ്ക്കുന്നിതിനും രാജ്യവ്യാപക കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് കോച്ചിംഗ് ടെർമിനലുകളുടെ വിപുലീകരണം വഴി ലക്ഷ്യമിടുന്നത്.
ഈ മൂന്ന് സ്റ്റേഷനുകളിൽ നിന്ന് പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതിനുള്ള ശേഷി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനാണ് തീരുമാനം. വരും വർഷങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മൂന്നിടത്തും ഘട്ടം ഘട്ടമായും സമയബന്ധിതമായും മെച്ചപ്പെടുത്താൻ ഇതിനകം പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞു.
2030 ഓടെ ഇവിടങ്ങളിൽ നിന്ന് ട്രെയിനുകൾ ആരംഭിക്കുന്നതിനുള്ള ശേഷി ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിലവിലുള ടെർമിനലുകളിൽ അധിക പ്ലാറ്റ്ഫോമുകൾ, സ്റ്റേബ്ലിംഗ് ലൈനുകൾ, പിറ്റ് ലൈനുകൾ, ആവശ്യത്തിന് ഷണ്ടിംഗ് സൗകര്യങ്ങൾ എന്നിവ കൂട്ടിച്ചേർക്കും. ഇത് കൂടാതെ നഗര പ്രദേശങ്ങളിലും പരിസരങ്ങളിലും പുതിയ ടെർമിനലുകൾ കണ്ടെത്തി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മെഗാ കോച്ചിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പരിപാലന സൗകര്യങ്ങളും ഏർപ്പെടുത്തും. വർധിക്കുന്ന ട്രെയിനുകളെ കൈകാര്യം ചെയ്യുന്നതിന് വിവിധ പോയിന്റുകളിൽ ആവശ്യമായ ട്രാഫിക് സൗകര്യങ്ങളും സിഗ്നലിംഗ് നവീകരണവും ഏർപ്പെടുത്തും. കൂടാതെ മൾട്ടി ട്രാക്കിംഗ് സംവിധാനത്തിലൂടെ സെക്ഷണൽ ശേഷിയും വർധിപ്പിക്കും.
ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും സംയോജിപ്പിച്ചായിരിക്കും എല്ലാ വിപുലീകരണ പ്രവർത്തികളും പൂർത്തീകരിക്കുക. രാജ്യവ്യാപകമായ കണക്ടിവിറ്റി വർധിപ്പിക്കുക എന്നതാണ് ടെർമിനലുകളുടെ വിപുലീകരണത്തിന്റെ ആത്യന്തിക ലക്ഷ്യം. സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കുമ്പോൾ ഇത് തുല്യമായി സന്തുലിതമാക്കുന്നതിന ടെർമിനലുകൾക്ക് ചുറ്റുമള്ള സ്റ്റേഷനുകളെയും പരിഗണിക്കണമെന്ന് റെയിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നവീകരണ പദ്ധതി നടപടികളെ അടിയന്തിരം, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം കൃത്യമായ സമയ പരിധികളും നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലുകളുടെ ശേഷി വർധിപ്പിക്കുക മാത്രമല്ല കൂടാതെ സെക്ഷനുകളുടെ ശേഷിയും വർധിപ്പിക്കും.
ഇതിനൊപ്പം സ്റ്റേഷനുകളിലെയും യാർഡുകളിലെയും പ്രവർത്തനപരമായി നിലനിൽക്കുന്ന പ്രവർത്തനപരമായ തടസങ്ങളും ഫലപ്രദമായി പരിഹരിക്കപ്പെടുമെന്ന് കൂടി ഉറപ്പാക്കും. എറണാകുളത്തെ പുനർവികസനവും നവീകരണവും മൊത്തം 150.28 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നിർമാണ സമയത്ത് തടസമില്ലാത്ത യാത്ര ഉറപ്പാക്കാനാണ് ഘട്ടം തിരിച്ചുള്ള ആസൂത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്റ്റേഷൻ ഏരിയയുടെ തെക്ക് ഭാഗത്ത് ഒന്നാംഘട്ട പ്രവർത്തനം തുടങ്ങി കഴിഞ്ഞു. ജോലികൾ എളുപ്പമാക്കാൻ സ്റ്റാഫ് ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫീസ്, ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ റൂം, സബ് സ്റ്റേഷൻ തുടങ്ങി നിലവിലുള്ള സുപ്രധാന സൗകര്യങ്ങൾ എല്ലാം മാറ്റിസ്ഥാപിച്ച് കഴിഞ്ഞു.
Tags : indian railway railway coaching terminals