തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്എഫ്കെയ്ക്ക് 2025 ഡിസംബര്‍ 12ന് വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും.
ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30-ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയറ്ററുകളിലായാണു പ്രദര്‍ശനം നടക്കുക.
സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30-ാമത് ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരേ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐഎഫ്എഫ്കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്വിധികള്ക്കെതിരേ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ ‘ബ്ലാക്ക് ബോഡീസ്’(2020) എന്ന ഹ്രസ്വചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്മേക്കര് അവാര്‍ഡ് നേടിയിട്ടുണ്ട്.
കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിള്‍സ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്ലാക്ക് എലിവേഷന് മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സ്വന്തം ജനതയുടെ അതിജീവനവും സ്നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.
മേളയുടെ മുഖ്യ ആകര്ഷണങ്ങള്
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫീമെയ്ല്‍ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്ലാസിക്സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന് ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന് ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.
Tags : Spirit of Cinema Award Kelly Fife Marshall IFFK 2025