തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ100 കോടിയുടെ സ്പോൺസർഷിപ് വാഗ്ദാനം ചെയ്ത് ബംഗളൂരു സ്വദേശി സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം വിജിലൻസ് അന്വേഷണത്തിലൂടെ തടഞ്ഞതായും ജയരാജ് വ്യക്തമാക്കി.
2019-20 കാലയളവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ പദ്ധതിയുമായി ബംഗളൂരു സ്വദേശി ഗണശ്രാവൺ ക്ഷേത്രത്തെ സമീപിച്ചു. വലിയ ബിസിനസുകാരനാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തിയതായും ആർ.കെ. ജയരാജ് പറഞ്ഞു.
ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിരുന്നതായും ആറ് മാസത്തോളം അവിടെ തങ്ങിയിരുന്നതായും ദേവസ്വം മുൻ വിജിലൻസ് ഓഫീസർ അറിയിച്ചു. എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ഇക്കാര്യം ബോർഡിനെ അറിയിച്ചു.
ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും ആസ്തിയുൾപ്പെടെ എല്ലാം വ്യാജമാണെന്നും കണ്ടെത്തിയതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും ആർ.കെ. ജയരാജ് കൂട്ടിച്ചേർത്തു.
Tags : Chotanikkara temple ernakulam kochin devaswom vigilance