കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സെന്‍ട്രല്‍ സ്കൂള്‍ കായികമേള 29, 30 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.
കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. 30ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപനച്ചടങ്ങിൽ ഹൈബി ഈഡന് എംപി മുഖ്യാതിഥിയാകും.
14 ജില്ലകളില്‍ സംഘടിപ്പിച്ച ട്രയല്‍ മീറ്റില്‍ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. അണ്ടര്‍ 19, അണ്ടര്‍ 17, അണ്ടര്‍ 14 വിഭാഗങ്ങളിലായി 66 ഇനങ്ങളില്‍ 2400 വിദ്യാര്‍ഥികള്‍ മത്സരിക്കും.
എറണാകുളം ജില്ലയാണു നിലവിലെ ചാമ്പ്യന്മാര്. സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരമുള്ള കേന്ദ്ര സിലബസ് സ്കൂളുകളുടെ ഏക കായികമേളയാണിതെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറലും സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനറുമായ ഡോ. ഇന്ദിര രാജന് പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ ജനറല്‍ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : State Central School Sports Festival CBSE ICSE Navodaya