കണ്ണൂർ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സിഎസ്ഐ ദക്ഷിണ കേരള രൂപതയായ നാഗ്പുർ മിഷൻ വൈദികനായ ഫാ.സുധീര്‍, ഭാര്യ ജാസ്മിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പോലീസിന്റെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.
രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്.
പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.സമാധാനപരമായി പ്രാര്‍ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Sunny Joseph MLA KPCC President priest's arrest religious