പാലാവയൽ (കാസര്‍ഗോഡ്): കലണ്ടറിൽ കാണാത്ത ദിവസങ്ങൾ മനസിൽ കണ്ടുകൊണ്ടാണ് സപ്ലൈകോയ്ക്കു വേണ്ടി ആട്ട തയാറാക്കി പായ്ക്ക് ചെയ്യുന്നതെന്നു വീണ്ടും തെളിഞ്ഞു.
ഇന്നലെ പാലാവയലിലെ റേഷൻ കടയിൽനിന്നു തെരുവംകുന്നേൽ കുര്യാച്ചന്റെ കുടുംബത്തിനു ലഭിച്ച എപിഎൽ വിഭാഗക്കാർക്കായുള്ള ഒരു കിലോ ആട്ടയുടെ പായ്ക്കറ്റിൽ ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത് 31.04.2026 ആണ്. ഇതു പായ്ക്ക് ചെയ്ത തീയതി 01.02.2026 ആണ്.
കഴിഞ്ഞ ദിവസം കേളകത്ത് വില്പന നടത്തിയ ഡിസംബർ ഒന്നിന് പായ്ക്ക് ചെയ്ത ആട്ട ഉപയോഗിക്കാനുള്ള അവസാന തീയതിയായി രേഖപ്പെടുത്തിയിരുന്നത് ഫെബ്രുവരി 30 ആയിരുന്നു. പിന്നാലെയാണു പാലാവയലിൽനിന്നു സമാനമായ സംഭവം പുറത്തുവന്നത്.
എല്ലാ പായ്ക്കറ്റുകളിലും പായ്ക്കിംഗ് തീയതിയായി തൊട്ടുമുമ്പുള്ള ഏതെങ്കിലുമൊരു മാസത്തെ ഒന്നാം തീയതിയും ഉപയോഗിക്കാനുള്ള അവസാന തീയതിയായി അതുകഴിഞ്ഞുള്ള മൂന്നാമത്തെ മാസത്തെ അവസാന തീയതിയുമാണ് രേഖപ്പെടുത്തുന്നതെന്നാണു സൂചന. മൂന്നാമത്തെ മാസം ഏതാണെന്നു നോക്കാതെ അവസാന തീയതി രേഖപ്പെടുത്തുമ്പോഴാണ് ഫെബ്രുവരി 30 ഉം ഏപ്രിൽ 31 ഉം ഒക്കെ അവസാന തീയതിയായി വന്നത്.
പായ്ക്കിംഗ് തീയതിയെല്ലാം ഒന്നാം തീയതി തന്നെയായതിനാൽ യഥാർഥ തീയതിയല്ല രേഖപ്പെടുത്തുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. സപ്ലൈകോയ്ക്കു വേണ്ടി സ്വകാര്യ മില്ലുകളാണ് ആട്ട തയാറാക്കി പായ്ക്ക് ചെയ്തുനൽകുന്നത്.
പായ്ക്കിംഗ് തീയതിയുടെയോ ഗുണനിലവാരത്തിന്റെയോ കാര്യത്തിൽ കൃത്യമായ പരിശോധനകളില്ലാതെയാണ് ഇവ റേഷൻ കടകളിലെത്തിക്കുന്നതെന്ന സംശയവും ഉയരുന്നു.
സ്വകാര്യ ബ്രാൻഡുകളിലുള്ള ആട്ടകളാണെങ്കിൽ ഇത്തരം കാര്യങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കർശനമായ പരിശോധനകൾ നടക്കാറുണ്ട്.
Tags : Supplyco Atta deadline Packet