ശ്രീനാരായണപുരം (കൊടുങ്ങല്ലൂർ): സ്കൂളിൽനിന്ന് ഇറങ്ങിപ്പോയ നാലാംക്ലാസ് വിദ്യാർഥിയെ തിരികെ സ്കൂളിലേക്കു കൊണ്ടുവന്ന അധ്യാപകനെ സ്കൂളിൽ കയറി ആക്രമിച്ചുപരിക്കേൽപ്പിച്ചു. സംഭവത്തിൽ വിദ്യാർഥിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീനാരായണപുരം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് (മുത്തു-40) നെടുമ്പാശേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്ററിനു സമീപമുള്ള സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിൽ നാലാംക്ലാസിൽ പഠിക്കുന്ന ധനേഷിന്റെ മകൻ ക്ലാസിൽനിന്ന് അധ്യാപകരോടു പറയാതെ ഇറങ്ങിപ്പോയിരുന്നു.
തുടർന്ന് സ്കൂളിലെ താത്കാലിക അധ്യാപകനായ ആല സ്വദേശി തയ്യിൽ വീട്ടിൽ ഭരത് കൃഷ്ണ, വീട്ടിൽ പോയി കുട്ടിയെ തിരികെ സ്കൂളിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഇതിലുള്ള വിരോധത്തിൽ ധനേഷ് മിനിയാന്ന് ഉച്ചകഴിഞ്ഞു 3.30 ഓടെ സ്കൂളിന്റെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി ഭരത് കൃഷ്ണയുടെ മുഖത്ത് അടിക്കുകയും മറ്റും ചെയ്ത് പരിക്കേല്പിച്ചെന്നാണ് കേസ്. കൊലപാതകക്കേസ് അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണിയാൾ.
Tags : guardian arrested Police arrested Teacher attacked Muthu in police custody Dhanesh