കൊച്ചി: കൊച്ചിയില്‍ വായു ഗുണനിലവാരം അപകടകരമായ നിലയില്‍ തുടരുന്നു. രാവിലെ കാണപ്പെടുന്ന പുകമഞ്ഞ് വെയില് വീഴുന്നതോടെ കുറയുമെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കൂടിവരുന്ന പ്രവണതയാണു നിലവിൽ.
ഇന്നലെ രാവിലെ ഏഴിന് വായു നിലവാരമൂല്യം 194 ആയിരുന്നു. ഉച്ചയ്ക്ക് 12ഓടെ ഇത് 136 ആയി താഴ്ന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഉയര്‍ന്നു. പുതുവത്സരാഘോഷം പൊടിപൊടിച്ച കൊച്ചിയില്‍ കരിമരുന്ന് പ്രയോഗങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നടന്നതിനു പിന്നാലെയാണ് വായു ഗുണനിലവാരത്തിലെ അപകടാവസ്ഥ.
വായു ഗുണനിലവാരം 101 മുതല്‍ 200 വരെ രേഖപ്പെടുത്തുന്ന അളവുകള്‍ രോഗങ്ങള്‍ക്കു വഴിവയ്ക്കുന്നവയാണ്. വായു ഗുണനിലവാരം മോശമായി തുടരുമ്പോഴും ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം ജനങ്ങളെ അറിയിക്കേണ്ട മലിനീകരണ നിയന്ത്രണ ബേര്‍ഡിന്റെ വൈറ്റിലയിലെയും അമ്പലമുകളിലെയും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. അന്തരീക്ഷത്തിലും ഭൂമിശാസ്ത്രപരമായും വരുന്ന മാറ്റങ്ങളാണ് പുകമഞ്ഞ് തങ്ങിനില്ക്കാന് കാണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം അരങ്ങേറിയ ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷത്തിനു പിന്നാലെ മാലിന്യവും പൊടിശല്യവും രൂക്ഷമായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വിവിധയിടങ്ങളില്‍ പതിവിനു വിപരീതമായി അനുഭവപ്പെട്ട വാഹനത്തിരക്ക് അന്തരീക്ഷവായു മോശമാകുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വ്യവസായകേന്ദ്രമായ ഏലൂരിലും അമ്പലമുകളിലുമാണ് ഏറ്റവും മോശം സാഹചര്യം.
Tags : air Kochi becoming toxic kochi air pollution