കോട്ടയം: സംസ്ഥാന സര്‍ക്കാരിന് വികസനം ഫയലിലും പ്രഖ്യാപനങ്ങളിലും മാത്രമേയുള്ളൂ എന്നതിനു തെളിവായി ശബരി റെയില്‍വേ നിര്‍മാണ പദ്ധതിയും അവതാവളത്തില്. പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ തുറക്കുന്നതുള്‍പ്പെടെ അന്തിമഘട്ടം നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു.
ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ നിര്‍മാണത്തിന് തയാറല്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം അടുത്തയിടെയും ആവര്‍ത്തിച്ചിരുന്നു. വിശദമായ പഠനത്തിനുശേഷം സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ട് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ട് മൂന്നു മാസമായി.
കാലടി മുതല്‍ രാമപുരംവരെ കല്ലിട്ടു വേര്‍തിരിച്ച സ്ഥലം വിലയ്ക്കു വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ ശബരി റെയില്‍വേ ഫയല്‍ മടക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായതോടെ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായ പ്രദേശവാസികളാണ് കാല്‍നൂറ്റാണ്ടായി ആശങ്കയില്‍ കഴിയുന്നത്. കല്ലിട്ടു തിരിച്ച സ്ഥലം വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ നിര്‍മാണം നടത്താനോ സാധിക്കാതെ നൂറുകണക്കിനു പേരാണ് പദ്ധതിയുടെ ഇരയായി മാറിയത്.
പലയിടങ്ങളിലും തോട്ടങ്ങളും പുരയിടങ്ങളും രണ്ടായി ഭാഗിച്ചാണ് റെയില്‍പ്പാളം കടന്നുപോകുന്നത്. ഇത്തരത്തിലുള്ള സ്ഥലം വിറ്റഴിക്കാന്‍ സാധിക്കാതെ വന്നവരും പലരാണ്. ഇരുപത്തെട്ടു വര്‍ഷം മുന്‍പ് നിര്‍മാണ അനുമതി ലഭിച്ച ശബരി പാത സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥമൂലമാണ് ഇഴഞ്ഞത്. ഇതോടകം അങ്കമാലി-എരുമേലി 111 കി.മീ. പാതയില്‍ അങ്കമാലി-കാലടി ഏഴു കി.മീ. പാതയും കാലടി പാലവും മാത്രമാണു പൂര്‍ത്തിയായത്. കാലടിയില്‍നിന്ന് രാമപുരം വരെ സ്ഥലം അളന്നുതിരിച്ചു. രാമപുരം-എരുമേലി പാതയുടെ അന്തിമ അലൈന്മെന്റു പോലും വ്യക്തമായിട്ടില്ല.
ശബരി റെയില്‍വേ നിര്‍മാണത്തിന് ആകെ 416 ഹെക്ടര്‍ ഭൂമി വേണ്ടതില്‍ 24 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ എട്ടു ബജറ്റുകളില്‍ ശബരി പദ്ധതിക്ക് അനുവദിച്ച വിഹിതം അപ്പാടെ ലാപ്സായി. ഇടുക്കി ജില്ലാ റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി.
Tags : no money file returned Sabari Rail project Kerala government