ചങ്ങനാശേരി: ഈശോയുടെ തിരുപ്പിറവിയെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ വേഷവിധാനങ്ങളോടെ അതിരൂപത സംഘടിപ്പിച്ച മനുഷ്യാവതാര സന്ദേശ യാത്ര ചങ്ങനാശേരിക്ക് അഭിമാനവും അവിസ്മരണീയവുമായി.
മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്നിന്നാരംഭിച്ച സന്ദേശയാത്ര ജോബ് മൈക്കിള്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകമാതാവിന്റെയും ആട്ടിടയന്മാരുടെയും പൂജരാജാക്കന്മാരുടെയും ഉള്‍പ്പെടെ യേശുവിന്റെ ജനനത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കാഴ്ചകളാണ് സന്ദേശയാത്രയെ അവിസ്മരണീയമാക്കിയത്.
നൂറുകണക്കിനു ബൈബിള്‍ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ച അതിശയക്കാഴ്ച ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുതുമയായി. പാപ്പാതൊപ്പികളും വെള്ള വസ്ത്രങ്ങളും അണിഞ്ഞെത്തിയവരും യാത്രയ്ക്ക് നിറം പകര്‍ന്നു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, ചാന്‍സലര്‍ ഫാ. ബിന്‍സ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ് ക്കല്‍, ഫൊറോന വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ. ജേക്കബ് ചീരംവേലില്‍, മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ ചിട്ടയോടെ നയിച്ച സന്ദേശയാത്രയില്‍ പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ചങ്ങനാശേരി, തൃക്കൊടിത്താനം, തുരുത്തി, കുറുമ്പനാടം ഫൊറോനകളിലെ വിശ്വാസീസമൂഹമാണ് ആത്മീയത നിറഞ്ഞ പ്രാര്‍ഥനകളോടെ അണിനിരന്നത്.
എസ്ബി കോളജില്‍ മനുഷ്യാവതാര സന്ദേശയാത്ര എത്തിയപ്പോൾ യുവദീപ്തി-എസ്വൈഎം പ്രവര്‍ത്തകരായ നൂറു യുവജനങ്ങള്‍ ചേര്‍ന്നു ക്രിസ്മസ് ഗാനം ആലപിച്ചു.
മനുഷ്യന്റെ വില ഉയര്‍ത്തിയ ദിനമാണ് ക്രിസ്മസ് എന്നും പുല്‍ക്കൂട്ടില്‍ ഈശോ ജനിച്ച സന്ദേശം എത്തിയില്ലായിരുന്നുവെങ്കില്‍ ഭാരതത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ക്രിസ്മസ് സന്ദേശ യാത്ര എസ്ബി കോളജ് മൈതാനത്ത് എത്തിയപ്പോള്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കരോള്സംഘങ്ങളെയും പുല്‍ക്കൂട് നിര്‍മിക്കുന്നവരെയും ആക്രമിക്കുന്നതു ശരിയല്ല. ക്രൈസ്തവര്‍ പീഡനങ്ങളെ ഭയപ്പെടുന്നില്ല. സത്യത്തിന്റെയും നീതിയുടെയും പക്ഷത്താണ് ക്രൈസ്തവരെന്നും ധീരതയുടെ സന്ദേശമാണ് ക്രിസ്തു പകര്‍ന്നു നല്‍കിയതെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
നഗരസഭാ ചെയര്മാന് ജോമി ജോസഫ്, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് തുടങ്ങിവര്‍ പ്രസംഗിച്ചു.
Tags : rebirth human incarnation as Mar Thomas Tharayil resurrection of Jesus