കൊച്ചി: മദ്യശാലകളുടെ എണ്ണവും പ്രവർത്തനസമയവും കൂട്ടിയതിനു പിന്നാലെ കൊച്ചിയുടെ പരിഷ്കൃത ഗതാഗത സംവിധാനമായ മെട്രോ റെയിലിന്റെ സ്റ്റേഷനുകളിലും ഇനി മദ്യം സുലഭമാക്കും. തിരക്കേറിയ വൈറ്റില, തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ബിവറേജസ് കോർപറേഷന്റെ വില്പനശാല തുറക്കുന്നത്.
വൈറ്റില മെട്രോ സ്റ്റേഷനിൽ 4,000 ചതുരശ്ര അടി വിസ്തീർണത്തിലാണു ബെവ്കോ പ്രീമിയം മദ്യവില്പനശാല തുറക്കുന്നത്. ഔട്ട്ലെറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇന്നുമുതൽ മദ്യവില്പന ആരംഭിക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.
മദ്യവില്പനയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ സ്ഥലം നൽകുന്നതിനെതിരേ മദ്യവിരുദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മദ്യം സുലഭമാക്കുന്ന അപകടകരമായ സർക്കാർ നയത്തിന്റെ ഭാഗമാണു മെട്രോ സ്റ്റേഷനിലും മദ്യശാല ആരംഭിക്കുന്നതെന്ന് മദ്യനിരോധന ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാധാകൃഷണൻ കടവുങ്കൽ പറഞ്ഞു.
കൊച്ചിയിലെത്തുന്നവർക്ക് സൗകര്യപ്രദമായ യാത്രാമാർഗമാണു മെട്രോ. എന്നാൽ മെട്രോ ട്രെയിനുകളിലും ഇനി മദ്യപരുടെ ശല്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മെട്രോ സ്റ്റേഷനുകളിലെ ഒഴിവുള്ള ഏരിയകൾ വ്യാപാരശാലകൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ നേരത്തേ കെഎംആർഎൽ തീരുമാനിച്ചിരുന്നു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. വിവിധ കച്ചവടശാലകൾ മെട്രോ സ്റ്റേഷനുകളിൽ തുറന്നിട്ടുണ്ട്. എന്നാൽ മദ്യശാലയ്ക്കായി മെട്രോ സ്റ്റേഷന്റെ സ്ഥലം വിട്ടുനൽകുന്നത് ആദ്യമാണ്.
Tags : metro station alcohol Vyttila Tripunithura KMRL bevco