ചാലക്കുടി: ഭൗതികതയിൽനിന്ന് ആത്മീയതയിലേക്കു തിരിച്ചുവരവ് നടത്തണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അഞ്ചു ദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തലങ്ങളിലും ഭൗതികത സ്വാധീനിക്കപ്പെട്ടിരിക്കയാണെന്നു ബിഷപ് പറഞ്ഞു. മാരകമായ ലഹരിവസ്തുക്കൾക്കു യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും ജനവും സ്വാധീനിക്കപ്പെട്ടിരിക്കയാണ്. ഇതിന്റെ ഫലമായി ധാർമികത ഇല്ലാതായി. നീതി നിഷേധിക്കപ്പെടുന്നു.
കൊലപാതകങ്ങൾ വർധിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭൗതികത കുടുംബങ്ങളിലേക്കും കടന്നുവന്നിരിക്കയാണെന്നു മാർ കണ്ണൂക്കാടൻ പറഞ്ഞു. ക്രിസ്തുവിലൂടെ പ്രത്യാശയിലേക്കു വിളിക്കപ്പെടണമെന്നും ദൈവികതയിലേക്കു കുടുംബങ്ങൾ കടന്നുവരണമെന്നും യേശുവിന്റെ സ്നേഹം, ക്ഷമ, നീതി, ധാർമികത, അനുകമ്പ, ചൈതന്യം എന്നിവ ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. അലക്സ് ചാലങ്ങാടി വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഫ്രാൻസീസ് കർത്താനം, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ആരാധനയും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഇടവകവികാരിമാർ കാർമികത്വം വഹിച്ചു
ഇന്ന് 1.45 ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വചനശുശ്രൂഷ നടത്തും.
Tags : Potta Bible Convention