നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കാൻ പറഞ്ഞ ദൈവം തന്നെയാണ്, മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നും പറഞ്ഞത്. അപ്പത്തിനും അധ്വാനത്തിനും അപ്പുറത്ത്, മറ്റൊരു അധ്വാനത്തെക്കുറിച്ച് ഈശോ പറയാറുണ്ട്; മനുഷ്യപുത്രൻ നൽകുന്ന നിത്യജീവനു വേണ്ടി അധ്വാനിക്കുവിൻ. നോന്പുകാലം നിത്യജീവനുവേണ്ടി ജീവിതം ക്രമീകരിക്കുകയും പുണ്യങ്ങൾ ആർജിക്കുകയും പുണ്യങ്ങൾ നിലനിർത്താനുള്ള ആത്മീയ പരിസ്ഥിതി നേടിയെടുക്കുകയും ചെയ്യേണ്ട സമയമാണ്.
ഗ്രീൻ പ്രോട്ടോക്കോൾ എന്നത് ഇന്ന് എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ സിംഗപ്പൂരിൽ ധ്യാനിപ്പിക്കാൻ ചെന്നപ്പോൾ, അവിടെ വലിയ ഒരു സമുദ്രക്കാഴ്ച ഒരുക്കിയിരിക്കുന്നതു കണ്ടു. ഒരു കൂറ്റൻ ചില്ലുതുരങ്കത്തിലേക്കു നമ്മൾ കയറുമ്പോഴാണ് ഈ വിസ്മയകാഴ്ചകൾ.
നമ്മുടെ കുടുംബാംഗങ്ങൾ
ചെറിയ ജെല്ലിഫിഷ് മുതൽ വലിയ സ്രാവുകൾ വരെ കടൽ വെള്ളത്തിന്റെ അതേ പരിസ്ഥിതിയിൽ കാഴ്ചക്കാർക്കു ദൃശ്യമാകുന്ന രീതിയിൽ നീന്തിത്തുടിക്കുന്നു. താഴെയും മുകളിലും വശങ്ങളിലുമൊക്കെ കടൽക്കാഴ്ചകൾ. സമുദ്രത്തിന്റെ ഉള്ളിലൂടെ ഒരു ഗ്ലാസ് ടണലിൽ കടന്നുപോകുന്ന അനുഭവം. കാഴ്ച കണ്ടു തീരാറാകുമ്പോൾ സമുദ്രമലിനീകരണത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ അവർ പറയുന്നതു കേൾക്കാം. മനുഷ്യർ സൃഷ്ടിക്കുന്ന സമുദ്രമലിനീകരണം മൂലം നമ്മുടെ കുറെയേറെ കുടുംബാംഗങ്ങൾ വംശനാശം വന്നു നശിച്ചുപോയി എന്നാണവർ പറയുന്നത്.
വംശനാശം വന്ന മത്സ്യങ്ങളെയും കടൽജീവികളെയും നമ്മുടെ കുടുംബാംഗങ്ങൾ എന്നവർ വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്. നമ്മുടെ അശ്രദ്ധമായ ജീവിതരീതിയാണ് അവയെ ഇല്ലാതാക്കിയത്. കടലിലേക്കു തള്ളുന്ന പ്ലാസ്റ്റിക്കുകൾ, ഫാക്ടറികളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കൾ ഇങ്ങനെ പലതും സമുദ്രജലത്തിന്റെ പവിത്രതയെ ഇല്ലാതാക്കി വിഷമയമാക്കുന്നു. സമുദ്രത്തിന്റെ ദൈവം സൃഷ്ടിച്ച അവസ്ഥ തിരിച്ചുപിടിക്കാനായി നിരീശ്വര രാജ്യങ്ങൾ പോലും ഗ്രീൻ പ്രോട്ടോക്കോൾ അല്ലെങ്കിൽ ബ്ലൂ പ്രോട്ടോക്കോൾ എന്ന ശാസ്ത്രീയമായ പദ്ധതി വഴി ശ്രമിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്.
തിരിച്ചുനടക്കാം
നോന്പുകാലം അതുപോലെ വിശ്വാസികൾക്കു നൽകപ്പെട്ടിട്ടുള്ള ഒരു വൈറ്റ് പ്രോട്ടോക്കോൾ ആണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ച അതേ ആദിമ പരിസ്ഥിതിയിലേക്കു മനുഷ്യനെ തിരിച്ചു കൊണ്ടുപോകാനുള്ള അവസരം. ദൈവസ്നേഹത്തിന്റെ അനുഭവതലങ്ങളെ മനുഷ്യൻ അനുസ്മരിപ്പിക്കുകയും ജീവിതത്തെ സുവിശേഷവിഹിതമായി സാർവപരിസ്ഥിതിബന്ധിയായി വീണ്ടും പുനഃക്രമീകരിക്കുകയും ചെയ്യുന്നതാണ് വൈറ്റ് പ്രോട്ടോക്കോൾ.
പഴയ പരിസ്ഥിതിയിലേക്കു നമുക്കു തിരിച്ചുപോകാൻ കഴിയും എന്നുള്ള വലിയ ഒരു അനുഭവജ്ഞാനം ഫ്രാൻസിസ് അസീസി അടക്കമുള്ള വിശുദ്ധരുടെ ജീവിതത്തിൽനിന്നു വായിച്ചെടുക്കാൻ കഴിയും. നോന്പുകാലത്ത് വിശുദ്ധരുടെ ജീവിതരീതികളെ മനസിലാക്കുകയും വായിക്കുകയും ചെയ്യാം. സുവിശേഷസ്നേഹത്താൽ ലോകത്തെ സമീപിക്കുകയും ഈശോയുടെ ആ സ്നേഹം മരങ്ങൾക്കും മത്സ്യങ്ങൾക്കും മനുഷ്യർക്കും എല്ലാവർക്കും അനുഭവവേദ്യമാക്കുകയും ചെയ്യാം.
ഈയൊരു സാക്ഷ്യജീവിതം വൈറ്റ് പ്രോട്ടോക്കോളിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പഴയ പരിശുദ്ധിയിലേക്കു തിരിച്ചുനടക്കാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ. പ്രകൃതി നമ്മുടെ വീടാണെന്ന ബോധ്യത്തോടെ അതിനോടു പെരുമാറാം.
Tags : White Protocol Hridayavazhi Kalvari