കല്‍പ്പറ്റ: ഗ്രാമീണ മേഖലകളില്‍ വാഹന സൗകര്യത്തിന്‍റെ കുറവ് കണക്കിലെടുത്ത് എല്ലാ സ്വകാര്യ ആശുപത്രികളും നഴ്‌സുമാര്‍ക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദേശം.
ഗ്രാമീണ മേഖലയില്‍ രാത്രി ഷിഫ്റ്റ് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു വരെയും പകല്‍ ഷിഫ്റ്റ് പരമാവധി എട്ട് മണിക്കൂറുമായി ക്രമീകരിക്കണം. ഒരാഴ്ചത്തെ ജോലി സമയം 48 മണിക്കൂര്‍ കവിയരുത്.
ഒരു ദിവസം അധികം ചെയ്യുന്ന ജോലി പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തി ഓവര്‍ ടൈം അലവന്‍സോ കോംപന്‍സേഷന്‍ അവധിയോ നല്‍കണം. നഴ്‌സുമാര്‍ക്ക് വാഹന സൗകര്യമോ ഹോസ്റ്റല്‍ സൗകര്യമോ ഏര്‍പ്പെടുത്തണം. 50 വയസ് കഴിഞ്ഞവരെ രാത്രി ജോലിയില്‍നിന്നു ഒഴിവാക്കണം.
എല്ലാ സ്വകാര്യ ആശുപത്രികളും യോഗ്യതയുള്ളവരെ മാത്രം പാരാമെഡിക്കല്‍ സ്റ്റാഫായി നിയമിക്കുകയും ന്യായമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് പ്രതികാര മനോഭാവം സ്വീകരിക്കുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന മാനേജ്‌മെന്‍റുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Tags : nurses hospitals rural areas Three-shift system