തൃശൂർ: ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്... ക്രിസ്മസ് രാവുകൾക്ക് ആഘോഷക്കുളിരേകുന്ന പാപ്പാപ്പൂരം "ബോൺ നത്താലെ'യുടെ വിസ്മയക്കാഴ്ചകൾക്കായി തൃശൂർ ഒരുങ്ങി. കൈനിറയെ സമ്മാനങ്ങളും കരോൾ ഗാനത്തിനു നൃത്തച്ചുവടുകളുമായി നാളെ പതിനയ്യായിരത്തോളം പാപ്പാമാർ നഗരം കീഴടക്കും.
വൈകുന്നേരം അഞ്ചിനു തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നാണ് ബോൺ നത്താലെ റാലി ആരംഭിക്കുക. നൃത്തച്ചുവടുകളുമായി സ്വരാജ് റൗണ്ട് ചുറ്റുന്ന ക്രിസ്മസ് പാപ്പമാരുടെ റാലി കോളജിൽതന്നെയാണു സമാപിക്കുക. പാപ്പാമാർക്കു നൃത്തം ചവിട്ടാൻ പ്രത്യേകം പാട്ടും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
എഐ സാങ്കേതികവിദ്യയുടെ വിസ്മയമാണ് ഇത്തവണത്തെ ബോൺ നത്താലെയുടെ ഹൈ ലൈറ്റ്സ്. ചലിക്കുന്ന നാലു പ്ലോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും റാലിയിൽ അണിനിരക്കും. ജ്യോതി എൻജിനീയറിംഗ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണു ചലിക്കുന്ന പ്ലോട്ടുകൾ നിർമിക്കുന്നത്.
തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായാണു ബോൺ നത്താലെ സംഘടിപ്പിക്കുന്നത്. ബോൺനത്താലെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കാരുണ്യത്തിന്റെ ആഘോഷമായ ബോൺ നത്താലെയുടെ ഭാഗമായി പത്തോളം വീടുകൾ ജാതി മതഭേദമന്യേ പാവപ്പെട്ടവർക്കായി നിർമിച്ചുനൽകുന്നുണ്ട്. ഈ ഭവനങ്ങളുടെ താക്കോൽദാനം സമാപനച്ചടങ്ങിൽ കൈമാറും. വിൻസെന്റ് ഡീപോൾ സംഘടന മൂന്നു ഡയാലിസിസ് മെഷിനുകൾ ജൂബിലി മിഷൻ മെഡിക്കൽ കോളജിനു നൽകും. ഇടവകയിലെ ജാതിമതഭേദമന്യേ തെരഞ്ഞെടുക്കുന്ന പാവപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികളും നടപ്പാക്കുന്നു. ശക്തൻ നഗറിൽ നടക്കുന്ന ബോൺ നത്താലെഎക്സിബിഷൻ ജനുവരി അഞ്ചുവരെ തുടരും.
കേന്ദ്ര സാംസ്കാരിക ടൂറിസം കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുരിയൻ, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പിള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക മതമേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.
Tags : Thrissur Santa Claus Buon Natale