തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകൻ തിരിച്ചറിയൽ രേഖ കൈയിൽ കരുതണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
വോട്ടർമാർ നടപടിക്രമങ്ങൾ പാലിക്കണം
വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അഭ്യർഥിച്ചു. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുന്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏൽപ്പിക്കണം.
ഉദ്യോഗസ്ഥൻ കണ്ട്രോൾ യൂണിറ്റിലെ ബട്ടണ്‍ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിനു സജ്ജമാക്കും. തുടർന്ന് സമ്മതിദായകൻ വോട്ടിംഗ് കന്പാർട്ട്മെന്റിലേക്കു നീങ്ങണം. ബാലറ്റ് യൂണിറ്റിൽ ഏറ്റവും മുകളിൽ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാനാകും. ഇതു ബാലറ്റ് യൂണിറ്റുകൾ വോട്ട് രേഖപ്പെടുത്താൻ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേരേയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ദീർഘമായ ബീപ് ശബ്ദം കേൾക്കുകയും വോട്ട് രേഖപ്പെടുത്തൽ പൂർണമാവുകയും ചെയ്യും. ശേഷം വോട്ടർക്ക് മടങ്ങാം.
കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടർ ഒരു വോട്ടുമാത്രം ചെയ്താൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്നു വോട്ടുകൾ രേഖപ്പെടുത്തണം. വോട്ടിംഗ് കന്പാർട്ട്മെന്റിലെ മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ ബാലറ്റ് യൂണിറ്റിൽ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നു തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുന്പോൾ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തൽ പൂർണമാകും.
തെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവപ്പു നിറത്തിലുള്ള അവസാന ബട്ടണ്‍ അമർത്തി വോട്ടിംഗ് പൂർത്തിയാക്കാം.
വോട്ട് രേഖപ്പെടുത്തൽ പൂർണമാകുന്പോൾ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാനാകും. മൂന്ന് തലത്തിലെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ എൻഡ് ബട്ടണ്‍ അമർത്തേണ്ട ആവശ്യമില്ല. എൻഡ് ബട്ടണ്‍ അമർത്തിക്കഴിഞ്ഞാൽ ആ വോട്ടർക്ക് പിന്നീട് വോട്ട് ചെയ്യാനാകില്ല.
ഒരേസമയം ഒന്നിൽ കൂടുതൽ ബട്ടണ്‍ അമർത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അതുപോലെ ഒന്നിൽ കൂടുതൽ തവണ ഒരേ ബട്ടണിൽ അമർത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.
വൈകുന്നേരം ആറിനു ബൂത്തിലെത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാം
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം ആറു വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതു വരെ വോട്ടെടുപ്പ് തുടരും.
Tags : Kerala local body election Eection Commission