തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളിലെ ട്രഷറികൾ തുറക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ ബില്ലുകൾ വൈകിയതായി പരാതി.
തെരഞ്ഞെടുപ്പിന് പൊതു അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ബില്ലുകൾ സ്വീകരിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ വീതം നിയമിച്ച് ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരുന്നു.
എന്നാൽ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ബില്ലുകളുമായി എത്തിയപ്പോൾ ട്രഷറികൾ തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ടു. ബന്ധപ്പെട്ട ജീവനക്കാർ ഇത് ജില്ലാ വരണാധികാരിയായ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
കളക്ടർമാർ ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ റിപ്പോർട്ട് ചെയ്തു. നിർദേശം നൽകിയിട്ടും ട്രഷറികൾ തുറക്കാതിരുന്ന സാഹചര്യത്തെക്കുറിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷണം തുടങ്ങിയതായാണ് വിവരം. ഇക്കാര്യത്തിൽ ഗുരുതര വീഴ്ച ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി വരുമെന്നാണു സൂചന.
Tags : bills delayed Treasuries not working election workers' Kerala local body election