അഗളി: അട്ടപ്പാടി പാലൂരിൽ പച്ചമരുന്നുവേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസിയുവാവിനു ക്രൂരമർദനം. മർദനത്തിൽ പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. തലയോട്ടിക്കു പൊട്ടലുണ്ടായതിനെത്തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലാണ്. പരാതിനൽകിയിട്ടും പോലീസ് നിസാരവകുപ്പുകൾ മാത്രമാണു ചുമത്തിയതെന്നു കുടുംബം ആരോപിച്ചു.
ആദിവാസികളിൽനിന്നു കാട്ടിലെ വേരുകൾ ശേഖരിച്ചു വില്പന നടത്തുന്ന രാമരാജ് എന്നയാളാണു മർദിച്ചതെന്നു മണികണ്ഠന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഡിസംബർ ഏഴിനാണു സംഭവം.
എട്ടിനു മണികണ്ഠൻ തെരഞ്ഞെടുപ്പുപ്രചാരണത്തിനു വാദ്യോപകരണം വായിക്കാനായി കോഴിക്കോട്ടേക്കു പോകുകയും ചെയ്തു. ഉച്ചകഴിഞ്ഞു യുവാവ് കോഴിക്കോട്ടുവച്ച് തളർന്നുവീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രകിയ നടത്തുകയുമായിരുന്നു. സംശയംതോന്നിയ ഡോക്ടർമാരാണു പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് അട്ടപ്പാടിയിലെ പുതൂർ പോലീസ് കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നാണു കുടുംബത്തിന്റെ ആരോപണം. മണികണ്ഠന്റെ തലയോട്ടിക്കു ക്ഷതമേറ്റിട്ടും വധശ്രമത്തിനു കേസെടുത്തില്ലെന്നും പട്ടികജാതി-വർഗ വകുപ്പുകൾ ഒഴിവാക്കി നിസാരവകുപ്പുകൾമാത്രമാണ് ചുമത്തിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
Tags : brutally beaten Tribal theft