പരവൂർ: ചരക്കുനീക്കത്തിനു ‘ട്രക്ക്സ് ഓൺ ട്രെയിൻസ്’ എന്ന പേരിൽ പുതിയ സേവനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ.
സമർപ്പിത ചരക്ക് ഇടനാഴികളിലൂടെ പ്രത്യേകം പരിഷ്കരിച്ച് നിർമിച്ച ഫ്ലാറ്റ് വാഗണുകളിൽ ലോഡ് ചെയ്ത ട്രക്കുകൾ കൊണ്ടുപോകാൻ അനുവദിക്കുന്നതാണ് ഈ സേവനം. ഇതുവഴി ദീർഘവും തിരക്കേറിയതുമായ ഹൈവേ യാത്രകൾ ട്രക്കുകൾക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, അതിവേഗം ചരക്കുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും സാധിക്കുമെന്ന നേട്ടവുമുണ്ട്.
നിലവിൽ വെസ്റ്റേൺ റെയിൽവേയിലെ സമർപ്പിത ചരക്ക് ഇടനാഴിയിൽ ന്യൂറെവാരിക്കും ന്യൂ പാലൻപുരിനും മധ്യേയാണ് ട്രക്ക്സ് ഓൺ ട്രെയിൻസ് (ടിഒടി) സേവനം ആരംഭിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നത് അനുസരിച്ച് ഇത് കൂടുതൽ സോണുകളിലേക്കു വ്യാപിപ്പിക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്.
ന്യൂ പാലൻപുർ - ന്യൂ റെവാരി ഇടനാഴിയിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള സേവനം ഏകദേശം 636 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഇത് റോഡ് വഴിയുള്ള എൻഡ് ടു എൻഡ് ഗതാഗത സമയം 30 മണിക്കൂറിൽനിന്ന് ടിഒടി സേവനം വഴി 12 മണിക്കൂറായി കുറയ്ക്കാൻ സാധിക്കും. ഇതു സമയവും ലോജിസ്റ്റിക്സ് ചെലവും കുറയ്ക്കുമെന്നാണു റെയിൽവേയുടെ വിലയിരുത്തൽ. മാത്രമല്ല, ആൾക്കാരുടെ വിശ്വാസ്യത വർധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ഇതുകൂടാതെ ഹൈവേ ഗതാഗതത്തിൽ അനുദിനം സംഭവിക്കുന്ന അനിശ്ചിതത്വങ്ങളിൽനിന്നു ദീർഘദൂര ചരക്കുനീക്കത്തെ സംരക്ഷിക്കാനും പുതിയ സേവനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ടിഒടിയുടെ പ്രധാന ആകർഷണം അതിന്റെ ലളിതവും മത്സരാധിഷ്ഠിതവുമായ വിലനിർണയ ഘടനയാണ്. സുതാര്യമായ ഭാര സ്ലാബുകളിലാണ് ചരക്കുകൾക്ക് ചാർജ് ഈടാക്കുന്നത്.
25 ടൺ വരെയുള്ള ട്രക്കുകൾക്ക് ഒരു വാഗണിന് 25, 543 രൂപയാണ് ജിഎസ്ടി അടക്കമുള്ള നിരക്ക് 25 മുതൽ 45 വരെ ടണ്ണിന് 29, 191 രൂപയും 45 മുതൽ 58 വരെ ടണ്ണിന് 32,000 രൂപയുമാണ് ഈടാക്കുന്നത്. ക്ഷീരമേഖലയെ കൂടുതൽ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പാൽ ടാങ്കറുകളിൽനിന്നു ജിഎസ്ടി ഈടാക്കുന്നുമില്ല.
Tags : Indian Railway Trucks on Trains Railway TOT cargo lanes Loaded trucks transportation