റാന്നി: പന്പാനദിയുടെ ഐത്തല കളരിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോന്നി സ്വദേശി ജോഷിൻ ബിനു(17), മൈലപ്ര സ്വദേശി ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തിൽ പെട്ടത്.
മൈലപ്ര സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. റാന്നിയിൽ സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. പത്തുപേർ സംഘത്തിലുണ്ടായിരുന്നുതായി പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് ഐത്തലക്കടവിൽ ഇവർ സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ബഹളംവച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടി. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം തെരച്ചിൽ തുടങ്ങിയെങ്കിലും വെളിച്ചക്കുറവു കാരണം രാത്രിയോടെ നിർത്തിവച്ചു.
നദിയിൽ അടിയൊഴുക്ക് നല്ലതുപോലെയുള്ള ഭാഗത്താണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. സ്കൂബാ സംഘത്തിന്‍റെ സഹായത്തോടെ രാവിലെ തെരച്ചിൽ പുനരാരംഭിക്കും
Tags : students Pathanamthitta drowning