തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമ ആണ് മരിച്ചത്. കാട്ടാക്കട മമൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് പരാതി.
ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ കാട്ടാക്കട മമൽ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി നൽകിയ ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തിരുന്നു.
ഇഞ്ചക്ഷന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായാണ് കുടുംബത്തിന്റെ ആരോപണം. ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : Thiruvananthapuram mamal hospital kattakkada kerala police