കല്‍പ്പറ്റ: ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ നയിച്ച് കല്‍പ്പറ്റയില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണു വിമർശനമുന്നയിച്ചത്.
ഒരു വികസനത്തെയും പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്ന് ഗോവിന്ദന് കുറ്റപ്പെടുത്തി. പുഞ്ചിരിമട്ടം ഉരുള്‍ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും പണം നല്കിയപ്പോള് കോണ്‍ഗ്രസ് അനുകൂല സംഘടന സര്‍ക്കാര്‍ ഉത്തരവുതന്നെ കത്തിച്ചു. സ്വന്തം നിലയില്‍ പണം പിരിച്ച് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് മൗനം പാലിക്കുന്നത് ക്രൂരതയാണ്.
ഇപ്പോള്‍ പിരിച്ച പണവുമില്ല, പിരിക്കാന്‍ ഉപയോഗിച്ച ആപ്പുമില്ല. എവിടെയാണ് ഈ പണം പോയതെന്നു വ്യക്തമാക്കണം. ഭവനനിര്മാണത്തിനെന്നു പറഞ്ഞ് കോണ്‍ഗ്രസ് മൂന്നേക്കര്‍ സ്ഥലം വാങ്ങിയത് പാവങ്ങളെ പറ്റിക്കാനാണ്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേതു കാട്ടിക്കൂട്ടലാണ്. നിയമസഭയില്‍ പ്രതിഷേധിക്കാനും പ്രമേയം പാസാക്കാനുമുള്ള എല്ലാ അധികാരവും ഭരണഘടനാപരമായുണ്ട്. അതൊന്നും ഉപയോഗിക്കാതെ കോപ്രായം കാണിക്കുകയായിരുന്നു. ശബരിമലയില്‍ പോറ്റിയെ കേറ്റിയത് ആരാണെന്നു കൃത്യമായി ജനങ്ങള്‍ക്ക് മനസിലായി. എല്ലാം എതിരായെന്ന് കണ്ടപ്പോള്‍ ഒളിച്ചോടുകയാണു പ്രതിപക്ഷം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിയായ ഒരാളും നിയമത്തിന്റെ മുമ്പില്‍ വരാതെ രക്ഷപ്പെടരുതെന്നാണ് പാര്‍ട്ടി നിലപാട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ഒരാളെയും സംരക്ഷിക്കില്ല. ഇതാണ് അന്നും ഇന്നും പറയുന്നത്. യുഡിഎഫും ബിജെപിയും ഇത് മാറ്റിപ്പറയുകയാണ്.
വി.എസ്. അച്യുതാനന്ദന് മരണാനന്തരം ലഭിച്ച പദ്മവിഭൂഷൺ സ്വീകരിക്കണമോയെന്ന തീരുമാനം കുടുംബത്തിനു വിടാം എന്ന നിലപാടാണു പാര്‍ട്ടി സ്വീകരിച്ചത്. ബഹുമതി പ്രഖ്യാപിച്ചപ്പോള്‍ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. ആ സന്തോഷത്തില്‍ പങ്കുചേരുകയാണ് പാര്‍ട്ടി ചെയ്തത്. വിഷയത്തില്‍ വിഎസിന്റെ കുടുംബത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദന് പറഞ്ഞു.
Tags : M.V. Govindan CPM Secretary opposition party LDF Rally UDF failed