ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കെ.സി.വേണുഗോപാൽ എംപി. എംപിയുടെ ഇടപെടലിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ഉഷയെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു.
അമൃതയിലെത്തിച്ച ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കും. ആവശ്യമെങ്കിൽ ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 2021 മേയ് മൂന്നിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഒ ഉത്തരവിട്ടു.
സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ കെ.സി.വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. സിസ്റ്റം സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റബോധഭാരത്താൽ പ്രബുദ്ധകേരളത്തിന്റെ ശിരസ് താഴ്ത്തുന്നതാണ് സംഭവമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Tags : Medical Negligence Surgery Alappuzha Amrita hospital