തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാക്കള്‍ സ്വന്തം രക്തസാക്ഷിയുടെ കുടുംബത്തിന് നല്‍കേണ്ട പണത്തില്പ്പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വി. കുഞ്ഞികൃഷ്ണന് ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണങ്ങളില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നിന്നായി ഒരു കോടിയിലേറെ രൂപ വെട്ടിച്ചെന്ന ആരോപണം ഗൗരവതരമാണ്. ഇതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം കോടതിക്ക് മുകളിലല്ല, പാര്‍ട്ടിക്ക് സ്വന്തമായി കോടതിയുള്ളതിനാല് പോലീസില്‍ പരാതി നല്‍കില്ലെന്ന സിപിഎം നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.
നാട്ടിലെ നിയമം എല്ലാവര്ക്കും ബാധകമാണെന്നും പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരെ വെള്ളപൂശുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും പയ്യന്നൂര്‍ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ നടപടിയെടുക്കാത്തത് സിപിഎം സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നും സതീശന് ആരോപിച്ചു.
രക്തസാക്ഷികളോട് പോലും ആത്മാര്‍ത്ഥതയില്ലാത്ത സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർക്കൊള്ള കേസിലെ അന്വേഷണത്തിൽ മുരാരി ബാബുവിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യമാണ് കിട്ടിയത്. ഇവർക്കെതിരെ ഒരു ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാത്ത വിധത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ സമ്മർദമാണ് ചെലുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
Tags : V D Satheesan Leader of Opposition