തിരുവനന്തപുരം: ഇത്തവണത്തെ ശിവഗിരി തീർഥാടനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 10മണിക്കു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ഗവർണർ ആർ.വി. അർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
93-മതു ശിവഗിരി തീർഥാടന കാലത്തിന് ആരംഭം കുറിച്ചുള്ള പ്രഭാഷണ പരന്പരകൾ നടന്നു വരികയാണ്. ശ്രീനാരായണഗുരു തീർഥാടന ലക്ഷ്യങ്ങളായി ഉപദേശിച്ച അഷ്ടലക്ഷ്യങ്ങളിൽ പ്രധാനമായ വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനാർഥം ഈ വർഷം മുതൽ മികച്ച സ്ഥാപനത്തിന് 1,00,001 രൂപയുടെ അവാർഡ് ഏർപ്പെടുത്തും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, എഡിജിപി പി. വിജയൻ, ശ്രീനാരായണ ഗുരു ഓപ്പണ് സർവകലാശാല വിസി ഡോ. ജഗതിരാജ് എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തുന്നത്.
30നു 11 മണിക്കു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന ശുചിത്വ സെമിനാർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മൂന്നിന് നടക്കുന്ന വ്യവസായ സെമിനാർ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും.
31നു രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര നടക്കും. രാവിലെ 9.30നു നടക്കുന്ന തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് 12ന് നടക്കുന്ന കാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.
മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിനു രാവിലെ 10നു നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന വിവിധ സമ്മേളനങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ, തമിഴ്നാട് മന്ത്രി ടി. മനോ തങ്കരാജ്, സാഹിത്യകാരൻ എം. മുകുന്ദൻ എന്നിവരും സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും.
Tags : Vice President inaugurate Shivagiri