തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ കീഴിലുള്ള തൊഴിൽ അധിഷ്ഠിത വിദ്യാവികസന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി.
തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ കൃത്യമായ പരിശീലനം നൽകാതെയും പരിശീലനാർഥികൾക്കു വ്യാജ അഡ്മിഷൻ നൽകിയതായി കാണിച്ചും, പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചെന്നു കാണിക്കാൻ വ്യാജ ശന്പള സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഹാജരാക്കിയും പദ്ധതിനിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നു.
പരിശോധിച്ച് ഉറപ്പാക്കേണ്ട ജില്ലാ-സംസ്ഥാന നിർവഹണ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും ‘ഓപ്പറേഷൻ സ്കിൽ ഗാർഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത 47 പദ്ധതിനിർവഹണ ഏജൻസികളിലും ഡിഡിയുജികെവൈ പദ്ധതി നിർവഹണത്തിനായുള്ള സംസ്ഥാന ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന.
മാനദണ്ഡം പാലിക്കാത്ത ഏജൻസികൾക്ക് ഉദ്യോഗസ്ഥർ പണം മാറി നൽകുന്നു. പരിശീലനകേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കാതെ പദ്ധതി അനുവദിക്കുന്നു. ചില ഏജൻസികൾ അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ ട്രെയ്നികളായി കാണിച്ച് തുക തട്ടുന്നു. പരിശീലനാർഥികൾ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നില്ല.
പഞ്ച് ഇൻ ചെയ്ത ഉടൻതന്നെ പഞ്ച് ഔട്ട് ചെയ്യുന്നു. നിർവഹണ ഏജൻസികൾക്ക് മൂന്നു വർഷ പ്രവൃത്തിപരിചയം ആവശ്യമെന്ന മാനദണ്ഡമുണ്ടായിരിക്കെ, പ്രവൃത്തിപരിചയമില്ലാത്ത സ്ഥാപനങ്ങളെയും പദ്ധതി നിർവഹണ ഏജൻസികളായി തെരഞ്ഞെടുത്തു.
പരിശീലനാർഥികൾക്കു ജോലി ലഭിച്ചെന്ന് ഉറപ്പു വരുത്താതെ ഏജൻസികൾക്ക് പണം പൂർണമായി മാറിനൽകുന്നു. പല ഏജൻസികളും പദ്ധതിയുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് പദ്ധതി ഫണ്ടിൽനിന്നുള്ള പണമുപയോഗിച്ച് ശന്പളം നൽകിയതായും വിജിലൻസ് കണ്ടെത്തി.
ചില സ്ഥാപനങ്ങൾ പരിശീലനാർഥികൾക്ക് പോസ്റ്റ് പ്ലേസ്മെന്റ് അലവൻസായി നൽകേണ്ട തുക പരിശീലനാർഥികൾക്ക് നൽകുന്നില്ല. ചില ഏജൻസികൾ പോസ്റ്റ് പ്ലേസ്മെന്റ് അലവൻസുകൾ കൃത്രിമരേഖ ചമച്ച് തട്ടിയെടുക്കുന്നു.
പരിശീലനാർഥികളെ ഫോണിൽ ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ പലർക്കും പോസ്റ്റ് പ്ലേസ്മെന്റ് അലവൻസ് ലഭിച്ചില്ല. പദ്ധതി നടത്തിപ്പിനായി കെട്ടിവയ്ക്കേണ്ട ബാങ്ക് ഗാരന്റികൾ പല ഏജൻസികളും പുതുക്കിയില്ല. പരിശീലനാർഥികളുടെ പ്ലേസ്മെന്റ് വിവരങ്ങൾ ഓണ്‍ലൈൻ പോർട്ടലിൽ രേഖപ്പെടുത്താത്ത പദ്ധതിനിർവഹണ ഏജൻസികൾക്കും പണം അനുവദിച്ചു.
ചിലർ പദ്ധതിത്തുകയുടെ ഒന്നോ രണ്ടോ ഗഡുക്കൾ വാങ്ങിയെടുത്ത ശേഷം പരിശീലനം പൂർത്തിയാക്കാതെ ഉപേക്ഷിക്കുന്നു. ഏജൻസികളിൽനിന്നു പണം റിക്കവറി ചെയ്യേണ്ട ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാതെ ക്രമക്കേടുകൾക്കു കൂട്ടുനിന്നു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഉദ്യോഗസ്ഥൻ പദ്ധതിനിർവഹണ ഏജൻസി ഡയറക്ടറിൽനിന്ന് യുപിഐ മുഖേന 25,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.
Tags : Vigilance job-based courses trivandrum vigilance raid