പത്തനംതിട്ട: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് ഉടമയും കേരളാ കോണ്‍ഗ്രസ്-എം മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന എന്‍.എം. രാജുവുമായി ആന്‍റോ ആന്‍റണി എംപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി.
സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കോടനാണ് ഇ-മെയില്‍ മുഖേന പരാതി അയച്ചിരിക്കുന്നത്. ഇത് പ്രാഥമികാന്വേഷണത്തിനായി വിജിലന്‍സ് പത്തനംതിട്ട യൂണിറ്റിന് ഇന്നു കൈമാറിയേക്കും.
ആന്‍റോ ആന്‍റണി രണ്ട് കോടി രൂപ കടം വാങ്ങിയെന്നും 20 ലക്ഷം മാത്രം മടക്കി നല്‍കിയെന്നുമാണ് എന്‍.എം. രാജു കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. 2019ല്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന എന്‍.എം. രാജുവിന്‍റെ പണമിടപാട് സ്ഥാപനം പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന്‍റെ ഭാഗമായിരുന്ന എന്‍.എം. രാജു തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആന്‍റോ ആന്‍റണിയും സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടുമാസത്തിനുശേഷം കടംവാങ്ങിയ പണം തിരികെ നല്‍കിയെന്നും എംപി പറയുന്നു. എന്നാല്‍ എത്ര പണം വാങ്ങിയെന്നോ എത്ര മടക്കി നല്‍കിയെന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറാകാതെ വന്നതോടെയാണ് ദുരൂഹത ഏറിയത്.
തെരഞ്ഞെടുപ്പ് സമയത്തെ സഹായമെന്ന നിലയിലാണ് രാജുവില്‍ നിന്നും പണം വാങ്ങിയതെന്ന് എംപി പറയുന്നു. സ്വീകരിക്കുന്ന പണത്തിന്‍റെ കണക്ക് രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുമുണ്ട്. വേറേ ഏതോ സ്ഥാപനത്തില്‍ ആര്‍ക്കൊക്കെയോ നിക്ഷേപമുണ്ടെന്ന് തെറ്റിധരിച്ച് ഈ സ്ഥാപനത്തിന്‍റെ പേരില്‍ തന്‍റെ പേര് കൂടി ചേര്‍ത്ത് വ്യാജ ആരോപണം കൊണ്ടുവന്ന് പുകമറ സൃഷ്ടിക്കാന്‍ നടത്തിയ നീക്കത്തിന്‍റെ ദയനീയ പരാജയമാണ് ഇവിടെ കണ്ടതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
തന്ത്രി കണ്ഠരര് മഹേശ്വര് നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് നിക്ഷേപം നടത്തിയിരുന്നുവെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്ഥാപനത്തിലും ഉടമയുടെയും ജനറല്‍ മാനേജരുടെയും വീടുകളിലും കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തുകയുമുണ്ടായി.
രണ്ടുകോടി രൂപ ആന്‍റോ ആന്‍റണി പിന്‍വലിച്ചതായ ആരോപണം ആദ്യം ഉയര്‍ത്തിയത് സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനുവാണ്. ഇഡി പരിശോധനയ്ക്കുശേഷമാണ് സ്ഥാപന ഉടമ എന്‍.എം. രാജു എംപിക്കെതിരേ രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ റാന്നി സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് രാജു മാധ്യമങ്ങളോടു പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
Tags : Vigilance investigate complaint Anto Antony