പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്സിഎസ്ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുത്, ജില്ല വിട്ട് പുറത്തു പോകരുതെന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ ഡിസംബര്‍ പതിനേഴിനാണ് രാംനാരാണ്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ ഇനിയും പതിനൊന്ന് പ്രതികളെ പിടികൂടാനുണ്ട്.
തമിഴ്നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് കേസ് അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. ക്രൂരമര്‍ദനമേറ്റ് നിലത്തുവീണു കിടന്ന രാംനാരായണയെ മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കിയില്ല. പോലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Tags : mob lynching walayar grant conditional bail