കൊച്ചി: മുനമ്പത്തെ വഖഫ് തർക്കഭൂമിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിന് പുറമെ വഖഫ് ബോർഡ്, ബന്ധപ്പെട്ട റവന്യൂ അധികൃതർ എന്നിവർക്കും ജസ്റ്റിസ് വിജു എബ്രഹാം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
മുനമ്പത്തെ വഖഫ് ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് വന്ന് മാസങ്ങൾ പിന്നിട്ടിട്ടും അത് നടപ്പിലാക്കാൻ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ വീഴ്ച നിയമവിരുദ്ധമാണെന്നും അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
എ.എം. അബ്ദുൾ ലുഖ്മാൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. വഖഫ് ഭൂമി സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.
Tags : Waqf High Court