കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കടുത്ത് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ(സ്പെഷൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്)സഹായ ഘടകങ്ങൾക്ക് 99,40,93,279 രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവായി.
റോഡ് നിർമാണം-76,68,11,654 രൂപ, പൊതുകെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും-18,44,73,781 രൂപ, 4.5 ശതമാനം നിരക്കിൽ സെന്റേജ് ചാർജ്- 4,28,07,844 രൂപ എന്നിങ്ങനെയാണ് ഭരണാനുമതി.
എസ്എഎസ്സിഎ പ്രകാരം സംസ്ഥാനം സമർപ്പിച്ച പദ്ധതി കേന്ദ്ര ധനമന്ത്രാലയം അംഗീകരിക്കുകയും 529.50 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷൽ ഓഫീസർ ഡിസംബർ എട്ടിന് അയച്ച കത്തിൽ എസ്എഎസ്സിഐ ഘടകം തുകയായ 95,12,85,435 രൂപ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ(പിഐയു)ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ അഭ്യർഥിച്ചിരുന്നു.
ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ ധനസഹായത്തോടെയുള്ള ഘടകങ്ങൾക്കുള്ള ആകെ തുക 95,12,85,435 രൂപയാണ്.ഈ ഘടകങ്ങൾക്കുള്ള സെന്റേജ് ചാർജുകളും എസ്എഎസ്സിഐ ഫണ്ടിൽനിന്നാണ് വഹിക്കേണ്ടത്. കിഫ്കോണാണ് ടൗണ്‍ഷിപ്പിൽ റോഡുകളുടെയും പൊതു കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പ്രവൃത്തി നടത്തുന്നത്.