ഇരിട്ടി: കണ്ണൂരിലെ ഇരിട്ടിയിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന. ഇരിട്ടി ടൗണിനോട് ചേർന്ന് ജബ്ബാർക്കടവ് പാർക്കിന് സമീപമാണ് കാട്ടുകൊമ്പൻ എത്തിയത്.
ഇന്ന് പുലർച്ചെയാണ് ജബ്ബാർ കടവ് പാർക്കിന് സമീപം പഴശി റിസർവോയറിലെ വെള്ളത്തിൽ കുളിക്കുന്ന നിലയിൽ കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. പിന്നാലെ കൊമ്പനെ തുരത്തുന്നതിനുള്ള നടപടികൾ വനംവകുപ്പ് അധികൃതർ ആരംഭിച്ചു.
പായം പഞ്ചായത്തിന്‍റെ പരിധിയിൽ നിന്നും ആനയെ ആറളം പഞ്ചായത്തിലൂടെ തുരത്തി ഫാമിൽ എത്തിക്കാനാണ് അധികൃതർ ശ്രമിച്ചത്. കൂടുതൽ പ്രതിരോധം സൃഷ്ടിക്കാതെ രാവിലെ ഒമ്പതോടെ തന്നെ കൊമ്പനെ തുരത്തി ആറളം ഫാമിൽ എത്തിച്ചു. വനം വകുപ്പും ആർആർടിയും സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
ആന ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാകുന്നു
പായം , ആറളം , മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ഭീതി സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ് . ആറളം ഫാമിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകളാണ് ഇത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ കാട്ടിലേക്ക് തുരത്തണം എന്ന ആവശ്യം ശക്തമാണെങ്കിലും ഓപ്പറേഷൻ ഗജമുക്തി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമാണ് . പുഴയിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് .
ഫാമിൽ നിന്നും ആനകളെ തുരത്തിയില്ലെങ്കിൽ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം ഉൾപ്പെടെയുള്ള ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കും.
Tags : Wild Elephant Iritty Forest Department