പരവൂർ: വർക്കലയ്ക്കു സമീപം യുവതിയെ മദ്യപൻ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ലോക്കോ പൈലറ്റിന്റെ കുറിപ്പ് വൈറലായി. കൊല്ലത്തെ ലോക്കോ പൈലറ്റ് എൻ.വി. മഹേഷാണ് യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഹൃദയഹാരിയായ അനുഭവം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ...
29-ാം വർഷത്തിലേക്കു കടന്ന എന്റെ സർവീസ് ജീവിതത്തിൽ, ഞായർ രാത്രി നടന്ന കൊടുംക്രൂരതയ്ക്ക് ഇരയായ ആ പെൺകുട്ടിയുടെ മുഖം മറക്കുവാൻ സാധിക്കുന്നില്ല.
കന്യാകുമാരിയിൽനിന്ന് കൊല്ലത്തേക്കു പോകുന്ന മെമുവിലായിരുന്നു എനിക്ക് ഡ്യൂട്ടി. തിരുവനന്തപുരത്തുനിന്ന് മെമു ഏകദേശം കൃത്യസമത്തിനു തന്നെ പുറപ്പെട്ടു. കടയ്ക്കാവൂർ എത്തിയപ്പോൾ സ്റ്റേഷനിൽനിന്നു "തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസിൽ നിന്ന് ഒരു യാത്രക്കാരി ട്രാക്കിൽ വീണിട്ടുണ്ട്. ശ്രദ്ധിക്കുക,വേണ്ടത് ചെയ്യുക' എന്ന സന്ദേശം വയർലസ് സെറ്റിലൂടെ ലഭിച്ചു.
അപ്പോൾ രാത്രി ഏകദേശം 8.40 ആയി. നിർദേശ പ്രകാരം എതിർ ദിശയിൽ പോകുന്ന മെമു ട്രെയിൻ പതുക്കെ ജാഗ്രതയോടെ നീങ്ങി. മെമുവിന്റെ ഡ്രൈവിംഗ് കാബിനിൽ ഒരാൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ട്രാക്കിന് ഇരുവശവും ഇരുട്ടാണ്. കുറച്ചു മുന്നോട്ട് പോയപ്പോൾ വർക്കലയ്ക്ക് സമീപം ട്രാക്കിനടുത്ത് കിടക്കുന്ന നിലയിൽ ഒരു രൂപം. ഉടൻ ട്രെയിൻ നിർത്തി.
അത് ആ പെൺകുട്ടി തന്നെയായിരുന്നു...
ഇരു ട്രാക്കുകൾക്കും ഇടയിലായി കമിഴ്ന്നടിച്ചു രക്തത്തിൽകുളിച്ചു ശരീരമാകെ ചതവുകളുമായി വീണുകിടക്കുന്നു. മനസിൽ ഒരു വിങ്ങൽ... റോഡ് ഗതാഗതം ആ നിമിഷങ്ങളിൽ പ്രായോഗികമല്ലാത്ത ഭൂപ്രകൃതിയുള്ള പ്രസ്തുത സ്ഥലത്ത്, പിന്നെ ഒന്നും ആലോചിക്കാൻ സമയമില്ല. മെമുവിന്റെ കോച്ചിന്റെ ആദ്യത്തെ ഡോർ പെൺകുട്ടി കിടക്കുന്നതിന് അഭിമുഖമായി നിർത്തി.ശ്വാസം ഉണ്ടെന്ന് മനസിലായി. ആ സമയം ലോക്കൽ പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ മെമുവിൽ എടുത്തു കിടത്തുകയും നിമിഷങ്ങൾക്കുള്ളിൽ വർക്കല സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
സ്റ്റേഷന്റെ പ്രധാന കവാടത്തിൽ തന്നെ ട്രെയിൻ നിർത്തി, അവിടെ കാത്തുനിന്ന രക്ഷാപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ പെൺകുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് കുട്ടിയെയും കൊണ്ട് കുതിച്ചു. ഇരുളിന്റെ കമ്പടം മൂടിയ അന്തരീക്ഷത്തിലും റെയിൽവേ ട്രാക്കിൽ കണ്ട ആ പെൺകുട്ടിയുടെ മുഖം മനസിൽ ഒരു നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു.
ആ നിമിഷങ്ങളിൽ ഓടിയെത്തി സഹായങ്ങൾ ചെയ്ത നാട്ടുകാർക്ക് പ്രത്യേകം നന്ദി.
കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടുവെന്ന് പിന്നീട് മാധ്യമ വാർത്തകളിൽ കണ്ടു. ഓരോ ഡ്യൂട്ടിയിലും ആയിരക്കണക്കിന് ജീവനുകളെയും ഹൃദയത്തിലേറ്റി പോകുമ്പോൾ ഒരു ലക്ഷ്യം മാത്രമേയുള്ളൂ..."സുരക്ഷിതമായി ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക...'
എന്തായാലും ട്രെയിൻ നിർത്തി ട്രാക്കിൽ വീണു കിടന്ന ആ കുട്ടിയെയും കയറ്റി ആശുപത്രിയിലെത്തിക്കുവാൻ സാധിച്ചത് മറക്കുവാൻ സാധിക്കാത്ത ഒരു പുണ്യകർമമായി കരുതുന്നു. ആ ദിവസം ചെയ്തതു പോലെയുള്ള ഒരു ജീവൻരക്ഷാദൗത്യം ജീവിതത്തിൽ ആദ്യമാണ്. ഈ നിർണായക വേള തരണം ചെയ്യുവാൻ ആ പെൺകുട്ടിയുടെ കുടുംബത്തിന് സാധിക്കട്ടെ. കുട്ടി പൂർവസ്ഥിതിയിലേക്ക് മടങ്ങിവരുവാൻ പ്രാർഥിക്കുന്നു...
ഒരു കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ച കൃതാർഥതയോടെ ഓരോ ദിനവും കടന്നു പോകുന്നു... വീണ്ടും മറ്റൊരു ലക്ഷ്യസ്ഥാനവുമായി അടുത്ത ഡ്യൂട്ടി ആരംഭിക്കുന്നു.
Tags : Women Attack train Thiruvananthapuram Memu