കൊല്ലം: വർക്കലയ്ക്കുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു യുവതിയെ ചവിട്ടി തള്ളിയിട്ട സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷം ട്രെയിനിൽ വീണ്ടും ആക്രമണം.
ഇക്കുറി ഭിന്നശേഷിക്കാരനായ മധ്യവയസ്കനെ യുവാവ് ആക്രമിക്കുകയായിരുന്നു. അക്രമി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്നു കന്യാകുമാരിക്കു പോകുന്ന ഐലന്റ് എക്സ്പ്രസിൽ ഇന്നലെ രാവിലെ ഒന്പരയ്ക്കായിരുന്നു അതിക്രമം നടന്നത്.
ആലപ്പുഴ താമരക്കുളം വല്ല്യത്ത് നാസറി (49) നു നേരേയാണ് ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്റിൽവച്ചു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ അക്രമം നടന്നത്.
ഭാര്യയോടൊപ്പം ആലുവയിലെ ബന്ധു വീട്ടിൽ പോയി മടങ്ങുകയായിരുന്ന നാസർ ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ വാതിൽ അടഞ്ഞുനിന്ന യുവാവിനോടു വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇതിനു തയാറായില്ല. ഇതു ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്റ് ആണെന്നും ഇവിടെ കയറിയതു ശരിയായില്ല എന്നും നാസർ പറഞ്ഞതോടെ ക്ഷുഭിതനായ യുവാവ് അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു.
ട്രെയിനിലെ മറ്റു യാത്രക്കാർ പിടിച്ചുമാറ്റി യുവാവിനെ ട്രെയിനിൽ തടഞ്ഞുവച്ചെങ്കിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താറായപ്പോഴേക്കും യുവാവ് ട്രെയിനിൽനിന്നു ചാടി.
ഇയാൾ പ്ലാറ്റ്ഫോമിൽ വീണെങ്കിലും അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററെ വിവരം ധരിപ്പിച്ച ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.
Tags : train Young man beats