തൊടുപുഴ: തെങ്ങില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. തൊടുപുഴ വണ്ണപ്പുറത്തിന് സമീപം ഒടിയപാറയിലായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ കാട്ടുകണ്ടത്തില്‍ വിഷ്ണു (26) ആണ് അപകടത്തില്‍പെട്ടത്.
ഒടിയപാറ സ്വദേശിനി രാജമ്മയുടെ പുരയിടത്തിലെ തെങ്ങിൽ കയറാനാണ് വിഷ്ണു എത്തിയത്. രാവിലെ തേങ്ങായിടീല്‍ കഴിഞ്ഞു തിരികെപോയി. പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന പണം തെങ്ങിന് മുകളില്‍ വച്ചു നഷ്ടപ്പെട്ടു എന്ന സംശയത്തിന് ഉച്ചയോടെ വീണ്ടും തെങ്ങില്‍ കയറുകയായിരുന്നു. മുകളില്‍ എത്തിയ യുവാവ് ബോധരഹിതനാവുകയായിരുന്നു.
വിഷ്ണു തെങ്ങിൽ കുടുങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മറ്റൊരു തൊഴിലാളിയായ മുട്ടുകണ്ടത്തില് സാജു തെങ്ങിന് മുകളില്‍ കയറി. ഇയാളാണ് വിഷ്ണുവിനെ സുരക്ഷിതമായി തെങ്ങിന് മുകളിൽ സംരക്ഷിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാടു നിന്ന് എത്തിയ അഗ്നിരക്ഷാസേന വലിയ ഗോവണി ഉപയോഗിച്ച് സാഹസികമായി വിഷ്ണുവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Tags : young man coconut tree kerala fire force