ഇരിങ്ങാലക്കുട: ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 49,64,430 രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗനെല്ലൂർ സ്വദേശി നവീൻകുമാർ(24) ആണ് അറസ്റ്റിലായത്.
കടുപ്പശേരി പേങ്ങിപ്പറന്പിൽ പി.കെ. അലക്സിൽനിന്ന് (46) ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
തട്ടിപ്പുനടത്തിയ പണത്തിൽ ഉൾപ്പെട്ട എട്ടു ലക്ഷം രൂപ നവീൻകുമാറിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ എത്തിയതായി കണ്ടതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
നവീൻകുമാർ ഈ ബാങ്ക് അക്കൗണ്ടും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നന്പറും കേസിലെ പ്രധാന പ്രതികൾക്കു നൽകിയതായും അതിനു കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ കുറ്റത്തിന് മലപ്പുറം ജില്ലയിലെ അരീക്കോട്, താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയന്പത്തൂർ കിണ്ണത്തുകടവ്, നാമക്കൽ പോലീസ് സ്റ്റേഷനുകളിലായി നവീൻകുമാറിനെതിരേ ആറു കേസുകളുണ്ട്.
തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐമാരായ ടി.എൻ. അശോകൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Tags : share trading Youth arrested