ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ സ്ലീപ്പർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ 17 പേർ മരിച്ചതായി സംശയിക്കുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഹിരിയൂരിന് സമീപം ദേശീയപാത 48ലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സെൻട്രൽ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന് ഉടൻ തന്നെ തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വാഹനം പൂർണമായും അഗ്നിക്കിരയാവുകയും ചെയ്തു. ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
എന്നാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏഴു യാത്രക്കാർ അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവർക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂട്ടിയിടിയെത്തുടർന്നുണ്ടായ വൻ തീപിടുത്തമാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
സ്ലീപ്പർ കോച്ചിനുള്ളിൽ പലരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം. ചിത്രദുർഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
നിലവിൽ ഹിരിയൂർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായ മരണസംഖ്യ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.
Tags : BreakingNews KarnatakaNews AccidentAlert RoadSafety Tragedy