ഡൽഹി: അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി വഴികൾ പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അസീസിയുടെ സന്ദർശനം.
വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സംഘർഷങ്ങൾ വർധിക്കുന്നതിന്റെയും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാബൂളിന്റെ പുതിയ നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.
ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അസീസിയെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിലേക്കും (ഐഐടിഎഫ്) അഫ്ഗാൻ മന്ത്രിക്ക് ക്ഷണം ലഭിച്ചു. 2021 ന് ശേഷം ഐടിപിഒയിലേക്ക് ഒരു അഫ്ഗാൻ മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളിൽ ഔഷധങ്ങൾ, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, പഞ്ചസാര, ചായ, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലേക്കുള്ള അഫ്ഗാൻ കയറ്റുമതിയിൽ പ്രധാനമായും കാർഷിക ഉത്പന്നങ്ങളും ധാതുക്കളുമാണ് അടങ്ങിയിരിക്കുന്നത്.
Tags : Afghan Commerce Minister India trade investment