ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത റോബോ നായ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എഐ ഉച്ചകോടിയില്‍നിന്ന് പുറത്താക്കി. അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സര്‍വകലാശാല ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൈനീസ് നിര്‍മിത റോബോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വാര്‍ത്താശകലമാണ് അവകാശവാദങ്ങളുടെ അടിവേരിളക്കിയത്.
"ഓറിയോണ്‍’എന്ന പേരിലുള്ള റോബോട്ട് സര്‍വകലാശാലയുടെ മികവിന്റെ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണെന്നു പ്രൊഫസര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കി.
ചൈനയുടെ യൂണിട്രീ റോബോട്ടിക്സ് എന്ന കമ്പനി നിര്‍മിച്ച ജിഒ2 മോഡല്‍ എന്ന റോബോട്ടാണതെന്നും ഇന്ത്യയില്‍ ഏകദേശം രണ്ടു ലക്ഷം രൂപ കൊടുത്താല്‍ ഈ ഉപകരണം ലഭ്യമാണെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.
യഥാര്‍ഥ നിര്‍മാതാക്കളുടെ ബ്രാന്‍ഡിംഗും റോബോട്ടില്‍ വ്യക്തമാണെന്ന് ഓണ്‍ലൈനില്‍ കണ്ടതോടെ ഉച്ചകോടിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കേന്ദ്രം സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ സര്‍വകലാശാല ആദ്യം ഉരുണ്ടുകളിച്ചെങ്കിലും പിന്നീട് സ്ഥലം കാലിയാക്കി. ഒടുവിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
Tags : AI summit Chinese robot Galgotias university evacuated