ന്യൂഡൽഹി: ആകാശയാത്രയിലെ പ്രതിസന്ധി മുതലെടുത്ത് വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ആകാശത്തോളമുയർത്തിയാണ് മറ്റു വിമാനക്കന്പനികൾ നേട്ടം കൊയ്തത്. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 45,000 രൂപ വരെയായും ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപ വരെയായും ഇന്നലെ ഉയർന്നു. ഞായറാഴ്ചത്തെ വിമാനടിക്കറ്റുകൾക്ക് 50,000 മുതൽ 70,000 രൂപയുടെ ഇടയിലാണ് ഇപ്പോഴത്തെ നിരക്ക്. 5000-6000 രൂപയ്ക്കു ലഭ്യമായിരുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ പ്രതിസന്ധി മൂലം മൂന്നിരട്ടിയിലധികം വർധിച്ചത്.
തുക തിരികെ നൽകും
അഭൂതപൂർവമായ പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച ഇൻഡിഗോ റദ്ദാക്കിയ വിമാനസർവീസുകൾക്ക് പൂർണ റീഫണ്ടിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചിനും 15നുമിടയിലുള്ള എല്ലാ റദ്ദാക്കലുകൾക്കും/ റീഷെഡ്യൂൾ അഭ്യർഥനകൾക്കും മുഴുവൻ പണം റീഫണ്ട് നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനായി ആയിരത്തിലധികം ഹോട്ടൽ മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്ക് ഭക്ഷണവും ലഘുഭക്ഷണങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
വിഷയം പാർലമെന്റിലും
ഇൻഡിഗോയുടെ വൻതോതിലുള്ള റദ്ദാക്കലുകൾ പാർലമെന്റിലും ചർച്ചാവിഷയമായി. വിഷയത്തിൽ സർക്കാരിനോടു പ്രതികരണം തേടിയ പ്രതിപക്ഷ നേതാക്കൾ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യമുള്ള വിഷയമായി ഇൻഡിഗോ പ്രതിസന്ധിയെ കാണണമെന്നാവശ്യപ്പെട്ടു ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി രാജ്യസഭയിൽ നോട്ടീസ് നൽകി.
വിഷയം എംപിമാരെ ബാധിക്കുന്നതാണെന്നും കേന്ദ്രം എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോണ്ഗ്രസ് എംപി പ്രമോദ് തിവാരി ആവശ്യപ്പെട്ടു. ഇൻഡിഗോയ്ക്കു വ്യോമയാനരംഗത്തെ കുത്തകാവകാശം നൽകിയതുകൊണ്ടാണ് ഈ പ്രശ്നം ഉടലെടുത്തതെന്നും തിവാരി സഭയിൽ പറഞ്ഞു.
Tags : Airlines crisis Squeezed Indigo Air India Express