മുംബൈ: അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കുടുംബവും തമ്മിൽ ബന്ധമുണ്ടെന്നും ആരോപിച്ച് രോഹിത് പവാർ രംഗത്ത്.
അപകടത്തിൽപ്പെട്ട വിമാനം പ്രവർത്തിപ്പിച്ചിരുന്ന ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സും ചന്ദ്രബാബു നായിഡുവിന്റെ കുടുംബവും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് രോഹിത് പവാറിന്റെ വാദം.
അത്യാധുനികമായ രണ്ട് ബ്ലാക്ക് ബോക്സുകളും തീപിടുത്തത്തിൽ പൂർണമായും നശിച്ചു എന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തൽ വിശ്വസിക്കാനാവില്ലെന്ന് രോഹിത് പവാർ പറഞ്ഞു. 1600 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇവ എങ്ങനെ നശിച്ചു എന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ടിഡിപി അംഗമായതിനാൽ, സ്വന്തം പാർട്ടിയുടെ നേതാവായ ചന്ദ്രബാബു നായിഡുവിന് ബന്ധമുള്ള കമ്പനിക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന് രോഹിത് പവാർ ചൂണ്ടിക്കാട്ടി.
അന്വേഷണം പൂർത്തിയാകുന്നത് വരെ രാം മോഹൻ നായിഡു കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും രോഹിത് പവാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. 2026 ജനുവരി 28-നാണ് ബാരാമതി വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് അജിത് പവാറും മറ്റ് നാലുപേരും കൊല്ലപ്പെട്ടത്. അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന് അജിത് പവാറിന്റെ മകൻ ജയ് പവാറും ആരോപിച്ചിരുന്നു.
Tags : Ajit Pawar Rohit Pawar Chandrababu Naidu