കോതമംഗലം: ചരിത്രപ്രാധാന്യമുള്ള ആലുവ-മൂന്നാർ രാജപാത പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. രാജപാത തുറന്നുകിട്ടിയാൽ കൊച്ചിയിൽനിന്നു മൂന്നാറിലേക്ക് 20 കിലോമീറ്ററോളം കുറവുണ്ടാകും.
ഈ വഴിയിലെ യാത്രാവകാശം പുനഃസ്ഥാപിക്കുക, തകർന്നുപോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികൾക്കും വലിയ ഗുണകരമാകുന്ന പാതയോടുചേർന്നുള്ള വികസനസാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
പഴയ പൊതുമരാമത്ത് പാതയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യുഡിക്കുതന്നെ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
1924ലെ മഹാപ്രളയത്തിന് മുമ്പുവരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാർഗമായിരുന്ന രാജപാത പിഡബ്ല്യുഡി രേഖകളിൽ ഇന്നും നിലനിൽക്കുന്നതാണ്. എന്നാൽ വനംവകുപ്പിന്റെ തടസവാദങ്ങളാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. രാജപാത തുറന്നുകിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവർ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്.
കോതമംഗലം പൂയംകുട്ടിയിൽനിന്ന് കുറത്തിക്കുടി, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത.
കോതമംഗലത്തുനിന്ന് പൂയംകുട്ടിവരെയുള്ള 28.5 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നിർമാണം നടത്തിയിരുന്നു. തുടർന്നുള്ള 26 കിലോമീറ്ററിൽ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണു തടസമായത്. ഇതുസംബന്ധിച്ച കേസുകൾ നിലവിലുണ്ട്. സർക്കാർ ഇടപെട്ട് പാത പൊതുമരാമത്ത് വകുപ്പിനു പൂർണമായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരം.
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നടത്തും.
രാവിലെ പത്തിന് ചെറിയപള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ സമാപിക്കും. ധർണ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ കർഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധപരിപാടിയിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബിഷപ് നേരിട്ടു സമരത്തിന് നേതൃത്വം നൽകുന്നത് പ്രക്ഷോഭത്തിന് വലിയ ജനപിന്തുണയാണ് നൽകുന്നത്. വനംവകുപ്പ് ജനകീയ ആവശ്യത്തിന് വഴങ്ങുന്നതുവരെ പ്രക്ഷോഭം നിർത്താൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ യാത്രാവകാശം പുനഃസ്ഥാപിക്കുന്നതിനായി ഏതറ്റം വരെയും പോകാനും തയാറാണ്.
പാത ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതുവരെ സഭയും ജനകീയ സമിതിയും പിന്നോട്ടില്ലെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ അഡ്വ. ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ഫാ. ജോസ് ചിരപ്പറമ്പിൽ, ഷാജി പയ്യാനി, അഡ്വ. ദേവസ്യ ഐമനതിൽ, ആദർശ് പണിക്കർ തുടങ്ങിയവർ അറിയിച്ചു.
Tags : Aluva-Munnar highway Hill people agitation public protest