കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം മെസി എത്തിയതിന് പിന്നാലെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് മടങ്ങിയതാണ് ആരാധകരെ കുപിതരാക്കിയത്. രോഷാകുലരായ ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു.
സ്റ്റേഡിയത്തിലെത്തുന്ന മെസി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തേ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിലിറങ്ങിയ മെസി ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ച് മടങ്ങിപ്പോയത് ആരാധകരെ ചൊടിപ്പിച്ചു.
മെസിക്ക് പുറമേ ബോളിവുഡ് താരവും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉടമയുമായ ഷാറുഖ് ഖാനും ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. ഇതോടെ പ്രകോപിതരായാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും മറ്റും വലിച്ചെറിഞ്ഞതും ഉപകരണങ്ങളും മറ്റും നശിപ്പിച്ചതും.
5,000 മുതൽ 25,000 രൂപ വരെ മുടക്കിയാണ് ആരാധകർ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്രയേറ പണം ചിലവാക്കിയിട്ടും തങ്ങളുടെ ഇഷ്ടതാരത്തെ ശരിക്ക് കാണാൻ സാധിക്കാതിരുന്നതോടെ ആരാധകർ പ്രകോപിതരാകുകയായിരുന്നു.
മന്ത്രിമാർക്കും അവരുടെ മക്കൾക്കും മാത്രമാണ് മെസിയെ കാണാൻ പറ്റിയതെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലേക്ക് ഒഴുകിയ ആരാധകരെല്ലാം നിരാശരാണെന്നും ഒരാൾ പറഞ്ഞു. പണവും പോയി സമയവും പോയി, നിരാശയാണ് ഫലമെന്നാണ് മറ്റൊരാൾ പ്രതികരിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് മെസി എത്തിയത്. കോൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്
Tags : LionelMessi Salt Lake Stadium vandalise fans