പാറ്റ്ന: ബിഹാറിലെ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈയൊഴിയുന്നത്.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ജെഡിയു വിമുഖത കാണിച്ചതിനെ തുടർന്ന് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ താത്കാലികമായി സ്തംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ നിർണായകമായ നിയമസഭാ സ്പീക്കർ സ്ഥാനവും ബിജെപിക്ക് ലഭിച്ചിരുന്നു.
വിജയ് കുമാർ സിൻഹയ്ക്ക് ഖനന, ഭൂഗർഭശാസ്ത്ര വകുപ്പിനൊപ്പം ഭൂപരിഷ്കരണ റവന്യൂ വകുപ്പിന്റെ ചുമതലയും നൽകി. ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല മംഗൾ പാണ്ഡെയ്ക്കാണ്. ദിലീപ് ജയ്സ്വാളാണ് വ്യവസായ മന്ത്രി.
റോഡ് നിർമാണ വകുപ്പും നഗരവികസന, ഭവന വകുപ്പും നിതിൻ നബിനാണ്. രാംകൃപാൽ യാദവ് കൃഷി മന്ത്രിയായും സഞ്ജയ് ടൈഗർ തൊഴിൽ വിഭവ വകുപ്പ് മന്ത്രിയായും സ്ഥാനം ഏറ്റെടുത്തു.
Tags : bihar cabinet samrat choudhary home minister bjp