പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇപ്പോഴും ശക്തിയുള്ള കടുവ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പാറ്റ്നയിലെ അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയുവിനെ തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
Tags : bihar election results nda bjp jdu nitish kumar