ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ തോൽവിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്.
ബിഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികൾക്കും ഇത് വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിച്ചതിൽ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂർവമാണ്. അത്തരത്തിൽ അപൂർവമായൊരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തും.
ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചു. ബിഹാറിൽ ജെഡിയു കളം മാറിയാൽ പോലും സർക്കാർ വീഴില്ല. അത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. അപകടകരമായ നിലയിലാണ് ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : bihar election results kc venugopal congress